'അപകടങ്ങളില്ലാത്ത ഒരു വേനൽ' ബോധവത്കരണ കാമ്പയിനുമായി ആഭ്യന്തര മന്ത്രാലയം

Truetoc News Desk


◼️കഴിഞ്ഞ വേനൽക്കാലത്ത് ടയർ പൊട്ടിയുള്ള അപകടങ്ങളിൽ 81 പേരാണ് മരിച്ചത് 

അബൂദബി: കഴിഞ്ഞ വേനൽക്കാലത്ത് യു.എ.ഇയിലെ റോഡുകളിൽ ടയർ പൊട്ടിയുള്ള അപകടങ്ങളിൽപെട്ട് 81 പേർ മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൂടാതെ 943 പേർക്ക് ഇത്തരം അപകടങ്ങളെതുടർന്ന് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

'അപകടങ്ങളില്ലാത്ത ഒരു വേനൽ' എന്ന പേരിൽ ഇന്ന് സംഘടിപ്പിച്ച ബോധവൽക്കരണ കാമ്പിനിടെയാണ് മന്ത്രാലയത്തിന്റെ വെളിപ്പെടുത്തൽ. സുരക്ഷിതമല്ലാത്ത ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും ലക്ഷ്യമാക്കിയുള്ള കാമ്പയിൻ സെപ്റ്റംബർ 1 വരെ നീണ്ടുനിൽക്കും.

ഫെഡറൽ ട്രാഫിക് കൗൺസിൽ, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് കോർഡിനേഷനുമായും രാജ്യത്തുടനീളമുള്ള എല്ലാ ലോക്കൽ ട്രാഫിക്, പട്രോളിങ് വകുപ്പുകളുമായും ഏകോപിപ്പിച്ചാണ് ബോധവത്കരണ കാമ്പയിൻ നടപ്പിലാക്കുന്നത്.

പഴയ ടയറുകളും അമിത വായു മർദ്ദവും അമിതഭാരവുമാണ് വേനൽക്കാല അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്നും കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ-സഫിൻ പറഞ്ഞു. ഡ്രൈവർമാർ തങ്ങളുടെ വാഹനത്തിന്റെ ടയറുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. കേടുപാടുകൾ സംഭവിച്ചവ നിർബന്ധമായും മാറ്റണം. വേനൽക്കാലത്ത് ചൂട് വർധിക്കുന്നതിനാൽ അപകടങ്ങൾ ഒഴിവാക്കാനായി വാഹന സർവിസുകൾ കൃത്യമായ ഇടവേളകളിൽ നടത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
.

Share this Article