'ഹലോ ഇത് ശൈഖ് ഹംദാൻ, താങ്കളുടെ നല്ല മനസ്സിന് നന്ദി'

Truetoc News Desk


◼️ഡെലിവെറി ബോയ്അബ്ദുള്‍ ഗഫൂറിനെ തേടിയെത്തിയത് സ്വപ്നസുന്ദരമായ  ഫോൺവിളി

ദുബൈ: റോഡിലെ ട്രാഫിക് സിഗ്നനില്‍ നില്‍ക്കുന്ന ഡെലിവറി ജീവനക്കാരന്‍. സിഗ്നല്‍ ലൈറ്റ് ചുവപ്പ് മാറി പച്ചയാകുന്ന നിമിഷനേരം കൊണ്ട് റോഡിലെ തടസമായി വീണുകിടക്കുന്ന സിമന്‍റ് കട്ടകള്‍ റോഡരികിലേക്ക് നീക്കിവച്ച്  സിഗ്നനില്‍ നിർത്തിയിട്ടിരിക്കുന്ന തന്‍റെ ഡെലിവറി ബൈക്കിനടുത്തേക്ക് ഓടിയെത്തി ബൈക്കോടിച്ച് പോകുന്നു. ഇതെല്ലാം മറ്റൊരു വാഹനത്തിലിരുന്നൊരു ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തു.  സമൂഹമാധ്യമത്തില്‍ തംരംഗമായ ആ വീഡിയോ പിറന്നതിങ്ങനെയാണ്.  ഞായറാഴ്ചയാണ് വീഡിയോ ദുബൈ കീരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ ശ്രദ്ധയില്‍ പെടുന്നത്. ഉടനെ തന്നെ ഡെലിവറി ജീവനക്കാരന്‍റെ നല്ല മനസിനെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു. ആളെ അറിയുമോയെന്നു ചോദിച്ചുകൊണ്ടുളള അദ്ദേഹത്തിന്‍റെ പോസ്റ്റിന് നിമിഷ നേരം കൊണ്ടുതന്നെ ഉത്തരവും കിട്ടി.  

'നന്ദി അബ്ദുള്‍ ഗഫൂർ, നിങ്ങളൊരു നല്ല മനസിനുടമയാണ്. നമുക്കുടനെ കാണാം' എന്നായിരുന്നു പിന്നീട് ഷെയ്ഖ് ഹംദാന്‍റെ ട്വീറ്റ്. 
ഹംദാന്‍റെ ആദ്യ പോസ്റ്റിന് ശേഷം അല്‍പസമയത്തിനകം തന്നെ ദുബൈ പോലീസില്‍ നിന്നും ഫോണ്‍കോള്‍ ലഭിച്ചുവെന്നും, ദുബായ് കിരീടാവകാശി വിളിക്കുമെന്നും അറിയിച്ചതായി പാകിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഗഫൂർ പറഞ്ഞു. അല്‍പ സമയത്തിനകം തന്നെ സ്വപ്നതുല്യമായ ആ നിമിഷം അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു.

വിദേശത്താണെന്നും, തിരിച്ചെത്തിയാല്‍ ഉടനെ കാണാമെന്നും പറഞ്ഞതായി അബ്ദുള്‍ ഗഫൂർ  പ്രതികരിച്ചു. തലാബത്തിലെ ഡെലിവറി ജീവനക്കാരനാണ് അബ്ദുള്‍ ഗഫൂർ. സിമന്‍റ് കട്ടയില്‍ തട്ടി ഒരു ടാക്സിക്കാരന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാകുന്നത് കണ്ടാണ് റോഡില്‍ വീണുകിടക്കുന്ന തടസ്സം മാറ്റണമെന്ന് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ അപകടമുണ്ടാകാതിരിക്കട്ടെയെന്നുളളത് മാത്രമാണ് അപ്പോള്‍ ചിന്തിച്ചതെന്നും അബ്ദുള്‍ ഗഫൂർ പറയുന്നു. 

എന്തായാലും അദ്ദേഹത്തിന്‍റെ നന്മ നിറഞ്ഞ പ്രവൃത്തിയ്ക്ക് തലാബത്തും അംഗീകാരം നല്‍കി. മകനെ കാണാനായി നാട്ടിലേക്ക് പോകാനിരുന്ന അദ്ദേഹത്തിന് സ്നേഹസമ്മാനമായി ടിക്കറ്റ് നല്‍കിയിരിക്കുകയാണ് കമ്പനി.
.

Share this Article