ദുബൈ ​ഗത​ഗാതസൗകര്യം ലോകനിലവാരത്തിലേക്ക് ഉയരും

സ്വന്തം ലേഖകൻ


തടസ്സമില്ലാത്തതും നൂതനവുമായ മൊബിലിറ്റി, സുസ്ഥിരത, ആരോഗ്യം, സുരക്ഷ, ഉപഭോക്ത്യ സംതൃപ്തി, ഫ്യൂച്ചർ പ്രൂഫ് ഓർഗനൈസേഷൻ എന്നിങ്ങനെ ആറ് പ്രധാന ലക്ഷ്യങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ പദ്ധതി. ദുബൈയ്ക്കുള്ളിൽ എവിടെയും 20 മിനിറ്റുകൊണ്ട് എത്താൻ സാധിക്കുമെന്ന ആശയത്തെ അടിസ്ഥാനമാക്കി റോഡുകളും ഗതാഗത സംവിധാനങ്ങളും സ്മാർട്ട് സേവനങ്ങളും വികസിപ്പിക്കുകയാണ് മൊബിലിറ്റിയിലൂടെ ഉന്നമിടുന്നത്. 2050 നെറ്റ് സീറോ പദ്ധതിയുടെ ഭാഗമായി സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സ്ഥിരത കൈവരിക്കുന്നതിലൂടെ ആഗോളതലത്തിൽ ദുബൈയുടെ സ്ഥാനമുയർത്താനായി ആർ.ടി.എ. പരിശ്രമിക്കും



ദുബൈ: എമിറേറ്റിെല ഗതാഗത സൗകര്യം ലോകനിലവാരത്തിലേക്ക് ഉയർത്താനായി ദുബൈയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.) പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ദുബായുടെ രണ്ടാംഘട്ട അർബൻ വികസന പദ്ധതിയുടെ ഭാഗമായാണ് ആർ.ടി.എ. വികസനവും നടപ്പാക്കുന്നത്. ആർ.ടി.എ. ചെയർമാൻ മത്താർ അൽ തായറിന്റെ അധ്യക്ഷതയിൽചേർന്ന ആർ.ടി.എ. സ്ട്രാറ്റജിക് പ്ലാനിങ് ആൻഡ് കോർപറേറ്റ് ട്രാൻസ്ഫോർമേഷൻ സുപ്രീം കമ്മിറ്റിയാണ് അതോറിറ്റിയുടെ 2023-30 പദ്ധതിക്ക് അംഗീകാരം നൽകിയത്. ദുബൈ അർബൻ പ്ലാൻ 2040, ദുബൈ പ്ലാൻ 2030, വി ദ യു.എ.ഇ. എന്നീ പ്രധാന പദ്ധതികളുമായി യോജിച്ചായിരിക്കും പുതിയ പദ്ധതിയും നടപ്പാക്കുക. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചാണ് ആർ.ടി.എ. പ്രവർത്തിക്കുന്നതെന്ന് അൽ തായർ പറഞ്ഞു. എമിറേറ്റിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനും സന്തോഷത്തിനും പ്രാധാന്യം നൽകിയാണ് പദ്ധതികൾ വിപുലീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 



തടസ്സമില്ലാത്തതും നൂതനവുമായ മൊബിലിറ്റി, സുസ്ഥിരത, ആരോഗ്യം, സുരക്ഷ, ഉപഭോക്ത്യ സംതൃപ്തി, ഫ്യൂച്ചർ പ്രൂഫ് ഓർഗനൈസേഷൻ എന്നിങ്ങനെ ആറ് പ്രധാന ലക്ഷ്യങ്ങൾ ഉൾപ്പെടുന്നതാണ് പുതിയ പദ്ധതി. ദുബൈയ്ക്കുള്ളിൽ എവിടെയും 20 മിനിറ്റുകൊണ്ട് എത്താൻ സാധിക്കുമെന്ന ആശയത്തെ അടിസ്ഥാനമാക്കി റോഡുകളും ഗതാഗത സംവിധാനങ്ങളും സ്മാർട്ട് സേവനങ്ങളും വികസിപ്പിക്കുകയാണ് മൊബിലിറ്റിയിലൂടെ ഉന്നമിടുന്നത്. 2050 നെറ്റ് സീറോ പദ്ധതിയുടെ ഭാഗമായി സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ സ്ഥിരത കൈവരിക്കുന്നതിലൂടെ ആഗോളതലത്തിൽ ദുബൈയുടെ സ്ഥാനമുയർത്താനായി ആർ.ടി.എ. പരിശ്രമിക്കും. സമൂഹത്തിന് സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കുകയാണ് പദ്ധതിയുടെ മൂന്നാമത്തെ ലക്ഷ്യം. സംയോജിതവും വിലപ്പെട്ടതുമായ സേവനങ്ങളിലൂടെ ഉപഭോക്ത്യസംതൃപ്തി വർധിപ്പിക്കാൻ ആർ.ടി.എ. കാര്യക്ഷമമായ ഇടപെടലുകൾ നടത്തും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സാങ്കേതിക മികവ് വർധിപ്പിക്കാനുള്ള പ്രവർത്തങ്ങൾക്കും മുൻഗണനനൽകും. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി യു.എസ്.എ., സിങ്കപ്പൂർ, ഹോങ് കോങ്, ജർമനി എന്നീ രാജ്യങ്ങളിലെ ഗതാഗത സമ്പ്രദായങ്ങൾ സുപ്രീം കമ്മിറ്റി അവലോകനം ചെയ്തിട്ടുണ്ടെന്നും ആർ.ടി.എ. അറിയിച്ചു.


.

Share this Article