ഖത്തറാണ് വേദി, 'അൽ രിഹ്​ല'യാണ് പന്ത്

സ്വന്തം ലേഖകൻ


ദോഹ: വർഷാവസാനം നടക്കുന്ന ഖത്തർ ലോകകപ്പിന്‍റെ ഔദ്യോഗിക പന്ത്​ ഫിഫ പുറത്തിറക്കി. യാത്ര, സഞ്ചാരം എന്ന അർത്ഥം വരുന്ന 'അൽ രിഹ്​ല' എന്നാണ്​ പന്തിന്‍റെ പേര്​. അഡിഡാസാണ്​ പന്തിന്‍റെ നിർമാതാക്കൾ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്ത് എന്ന സവിശേഷ​തയോടെയാണ്​ 'അൽ രിഹ്​ല' ഖത്തർ ലോകകപ്പിന്‍റെ എട്ട്​ മൈതാനങ്ങളിലും ആവേശത്തിന്​ തീപ്പടർത്തി കിക്കോഫ്​ കുറിക്കാൻ ഒരുങ്ങുന്നത്​.

തുടർച്ചയായി 14ാമത്തെ തവണയാണ്​ അഡിഡാസ്​ ലോകകപ്പ്​ പന്തിന്‍റെ ഔദ്യോഗിക നിർമാതാക്കളാവുന്നത്​. ഖത്തറിന്‍റെ പൈതൃകവും സംസ്കാരവും ദേശീയ പതാകയൂടെ നിറവുമെല്ലാം പന്ത്​ രൂപകൽപനയിൽ സ്വാധീനിച്ചിട്ടുണ്ട്​. ​മൈതാനത്തെ അതിവേഗതയും, ഷോട്ടുകളിലെ കൃത്യതയുമെല്ലാമാണ്​ പന്തിന്‍റെ പ്രധാന സവിശേഷത.

1970 മുതലാണ്​ അഡിഡാസ്​ ലോകകപ്പിലെ ഔദ്യോഗിക പന്തിന്‍റെ നിർമാണം ആരംഭിക്കുന്നത്​. 2010ലെ ജബുലാനി, 2014ലെ ബ്രസൂക്ക, 2018ലെ ടെൽസ്റ്റാർ 18 എന്നിവയായിരുന്നു കഴിഞ്ഞ മൂന്ന്​ ലോകകപ്പുകളിലെ പന്തിന്‍റെ ഔദ്യോഗിക പേര്​.
.

Share this Article