ഉയരമുള്ള കെട്ടിടങ്ങളിലെ ജോലിക്ക് സുരക്ഷ ഉറപ്പുവരുത്തണം

Truetoc News Desk


◼️സൈറ്റുകളിൽ സുരക്ഷാ അവബോധ ബോർഡുകളും സ്ഥാപിക്കണം

ദുബൈ: ഉയരം കൂടിയ കെട്ടിടങ്ങളിലോ ഉയരമുള്ള നിർമാണ സ്ഥലങ്ങളിലോ ജോലി ചെയ്യുന്ന തൊഴിലാളികൾ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ സജ്ജീകരണങ്ങൾ കർശനമായി പാലിക്കണമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം . അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് തൊഴിലുടമകൾ തൊഴിലാളികൾക്ക് ഉചിതമായ പരിശീലനം നൽകണമെന്നും അധികൃതർ നിർദേശിക്കുന്നു.

മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാതെ ഉയരമുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നവരെ തുടർച്ചയായി കണ്ടെത്തിയതിനെ തുടർന്നാണ് കർശന നിർദേശവുമായി യുഎഇ മാനവവിഭവശേഷി മന്ത്രാലയം രംഗത്തെത്തിയത്. വർക്ക്സൈറ്റുകളിലെ സംരക്ഷണ നടപടികൾ പാലിക്കാനും സ്‌കാർഫോൾഡിംഗ് നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനും ആവശ്യമായ സുരക്ഷാ ഘടകങ്ങൾ പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ സൈറ്റ് സന്ദർശനങ്ങളിൽ, മുനിസിപ്പൽ ഇൻസ്‌പെക്ടർമാർ, പണിതീരാത്ത നിലകളിലോ താൽക്കാലിക പ്ലാറ്റ്‌ഫോമുകളിലോ, സ്‌കാർഫോൾഡുകളിലോ, സുരക്ഷാ ഉപകരണങ്ങളില്ലാതെ നിർമ്മാണത്തിലിരിക്കുന്ന ടവറുകളിലെ ജനാലകൾ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന തൊട്ടിലുകളിലോ ഉയരത്തിൽ ജോലി ചെയ്യുന്നവരെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു.

തൊഴിൽപരമായ അപകടങ്ങൾ, പരിക്കുകൾ, രോഗങ്ങൾ എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മാർഗങ്ങൾ നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമായിരിക്കും. നിർമ്മാണ സൈറ്റുകളിൽ അവബോധ വിശദാംശങ്ങളുള്ള നിർദ്ദേശ ബോർഡുകൾ ഉണ്ടായിരിക്കണം. അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് തൊഴിലുടമകൾ തൊഴിലാളികൾക്ക് ഉചിതമായ പരിശീലനം നൽകുകയും സുരക്ഷ ഉറപ്പാക്കുന്നതിന് കാലാനുസൃതമായ വിലയിരുത്തലുകൾ നടത്തുകയും വേണം. അബുദാബി മുനിസിപ്പാലിറ്റി അടുത്തിടെ സംഘടിപ്പിച്ച ശിൽപശാലയിൽ, സുരക്ഷാ കവചങ്ങളില്ലാതെ ഉയർന്ന കെട്ടിടങ്ങളിൽ ജോലി ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് തൊഴിലാളികൾക്ക് ബോധവൽക്കരണ ക്ലാസുകൾ നടത്തിയിരുന്നു.
.

Share this Article