മഴക്കെടുതി: ഫുജൈറയിലേക്ക് രക്ഷാസംഘത്തെ അയക്കാൻ ശൈഖ് മുഹമ്മദ് ഉത്തരവിട്ടു

Truetoc News Desk


◼️ ദുരിതബാധിതരെ മാറ്റിപാർപ്പിക്കാനും നിർദേശം

ദുബൈ: കനത്ത മഴയിൽ കെടുതി നേരിടുന്ന ഫുജൈറയിലെയും കിഴക്കൻ മേഖലകളിലെയും രക്ഷാപ്രവർത്തനത്തിന് എല്ലാ എമിറേറ്റുകളിൽ നിന്നും എമർജൻസി ടീമുകളെ അയക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബുധനാഴ്ച ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകി. ബുധനാഴ്ച കനത്ത മഴയാണ്  രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുണ്ടായത്.

രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ താൽക്കാലിക ഷെൽട്ടറുകളിലേക്കും ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഹോട്ടലുകളിലേക്ക് മാറ്റാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ശൈഖ് മുഹമ്മദ് കമ്മ്യൂണിറ്റി വികസന മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

ദുരിതബാധിത പ്രദേശങ്ങളിലെ പ്രത്യേകിച്ച് ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ എല്ലാ ഫെഡറൽ ബോഡികളിലെയും ജീവനക്കാർ വ്യാഴം, വെള്ളി ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് കാബിനറ്റ് നിർദ്ദേശം നൽകി. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന സിവിൽ ഡിഫൻസ്, പോലീസ്, സുരക്ഷാ സ്ഥാപനങ്ങൾ, പൗരന്മാരുടെ കൃഷിയിടങ്ങളെയും വസ്തുവകകളെയും ബാധിക്കുന്ന നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്ന കമ്മ്യൂണിറ്റി ബോഡികൾ എന്നിവയിലെ ജീവനക്കാർക്ക് ഇതു ബാധകമല്ല.
.

Share this Article