പ്രളയബാധിതർക്കു സഹായം: കെ.എം.സി.സി നേതാക്കൾ കോൺസുലേറ്റ് ജനറലിനെ സന്ദർശിച്ചു

Truetoc News Desk


◼️പാസ്പോർട്ട് അടക്കമുള്ള രേഖകൾ വീണ്ടെടുക്കാനും ഇടപെടൽ നടത്തണം

ഫുജൈറ: ഫുജൈറയിലും കൽബയിലുമുണ്ടായ പ്രളയത്തിൽ നാശനഷ്ടങ്ങൾ സഹിക്കേണ്ടി വന്നവർക്കായി ഇടപെടണമെന്നാവശ്യപ്പെട്ട് യു.എ.ഇ കെ.എം.സി.സി നേതാക്കൾ കോൺസുലേറ്റ് ജനറലിനെ സന്ദർശിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ ഇന്ത്യക്കാരുടെ പുനരധിവാസം എളുപ്പമാക്കാനാണ് യു.എ.ഇ കെ.എം.സി‌.സി കോൺസുലേറ്റിന്റെ സഹായം ആവശ്യപ്പെട്ടത്. 

അവിചാരിതമായുണ്ടായ പ്രളയക്കെടുതിയിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ നശിച്ചുപോയ ഇന്ത്യക്കാരുണ്ട്. അവർക്ക് കോൺസുലേറ്റ് അടിയന്തിരമായി രേഖകൾ ശരിയാക്കിക്കൊടുക്കണം. പാർപ്പിടങ്ങളും വീട്ടുപകരണങ്ങളും നഷ്ട്ടപ്പെട്ട ഇന്ത്യക്കാർക്ക് പുനരധിവാസത്തിനും കോൺസുലേറ്റിന്റെ സഹായം ആവശ്യമാണ്. വീണ്ടും പാസ്പോർട്ട് ലഭിക്കുന്നതിനുള്ള രേഖകൾ ലഭ്യമാക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്‌മാനും ജനറൽ സെക്രട്ടറി അൻവർ നഹയും കോൺസുലേറ്റ് ജനറലിനെയും പാസ്പോർട്ട് സെക്ഷൻ ഇൻചാർജ് റാം കുമാർ തങ്കരാജിനെയും കോൺസുലേറ്റിൽ സന്ദർശിച്ച് ആവശ്യപ്പെട്ടു. പാസ്സ്പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടത് തിട്ടപ്പെടുത്താനും പുതിയവ ഏർപ്പാടാക്കാനും ഉടൻ തന്നെ കോൺസുലേറ്റ് ടീം ഫുജൈറ സന്ദർശിക്കുമെന്നും പുനരധിവാസ സഹായങ്ങൾ നൽകുമെന്നും കോൺസുലേറ്റ് ജനറലും അധികൃതരും ഉറപ്പ് നൽകിയതായി ഇരുവരും അറിയിച്ചു.
.

Share this Article