യു.എ.ഇയും ഇന്ത്യയും ചേർന്ന് സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

സ്വന്തം പ്രതിനിധി


◼️ചരിത്രബന്ധത്തിന് അരനൂറ്റാണ്ട് പിന്നിട്ട മുഹൂർത്തത്തിലാണ് സ്റ്റാമ്പ് പുറത്തിറക്കിയത്

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചരിത്രബന്ധം അരനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ സഹവർത്തിത്വത്തിന്‍റെ പുതുമുദ്രയായി ഇരുരാജ്യങ്ങളും ചേർന്ന് തപാൽ സ്റ്റാമ്പ് പുറത്തിറക്കി. യു.എ.ഇ ഏഴ് എമിറേറ്റുകളായി ഒരുമിച്ചതിന്‍റെ 50 വർഷവും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്‍റെ 75 വർഷവും ഒന്നിച്ച് ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്. എമിറേറ്റ്സ് പോസ്റ്റ്, ഇന്ത്യ പോസ്റ്റ് എന്നിവ സഹകരിച്ചായിരുന്നു ഇത്. എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ് സി.ഇ.ഒ അബ്ദുള്ള എം. അൽഅശ്റം ആണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ സ്റ്റാമ്പ് ഏറ്റുവാങ്ങി.

ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്‍റെ അഞ്ചുപതിറ്റാണ്ട് പൂർത്തിയാകുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അബ്ദുള്ള എം. അൽ അശ്റം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്‍റെ ചരിത്രപരമായ സാഹചര്യത്തിലാണ് സ്റ്റാമ്പ് പ്രകാശനം നടന്നതെന്ന് സഞ്ജയ് സുധീർ പറഞ്ഞു. 30 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇയിൽ ജോലിചെയ്യുന്നത്. ഇരുരാജ്യങ്ങളിലെ ജനങ്ങൾക്കുള്ള ആദരവ് കൂടിയാണ് സ്മാരക സ്റ്റാമ്പിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
.

Share this Article